കേരളസമൂഹത്തിൽ കഴിഞ്ഞ 140 വർഷത്തിനിടെയുണ്ടായ ഐതിഹാസിക സംഭവങ്ങളിലെല്ലാം ദീപികയ്ക്ക് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. സമൂഹത്തിൽ നടമാടിയിരുന്ന തൊട്ടുകൂടായ്മയ്ക്കും ഉച്ചനീചത്വത്തിനുമെതിരേയുള്ള പോരാട്ടത്തിന്റെ ആദ്യ ചവിട്ടുപടിയായിരുന്ന വൈക്കം സത്യഗ്രഹത്തെ ആദ്യന്തം അനുകൂലിച്ച ചുരുക്കം പത്രങ്ങളിലൊന്നാണ് ദീപിക.
വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പൊതുവഴിയിലൂടെ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരിലായിരുന്നു പ്രക്ഷോഭം. 1924 മാർച്ച് 30 മുതൽ 603 ദിവസത്തെ സത്യഗ്രഹത്തിനവസാനം 1925 നവംബർ 23ന് ജാതി അതിർവരന്പുകൾ നിശ്ചയിച്ച തീണ്ടൽപലക പിഴുതെറിഞ്ഞതു വരെ ദീപികയിൽ വൻ വാർത്തകളായി.
പ്രക്ഷോഭത്തുടക്കത്തിൽ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ 1924 ഏപ്രിൽ 10ന് ദീപിക മുഖപ്രസംഗം എഴുതി: “ജനസമുദായ മധ്യത്തിൽ പല വിധത്തിൽ മാന്യസ്ഥിതിയിലായിരിക്കുന്ന ഈ യോഗ്യൻമാരെയും അവർക്കു മുന്നോടിയായി ചില വോളണ്ടിയർമാരെയും ശിക്ഷിച്ച് ജയിലിലടച്ചിരിക്കുകയാണ്. അവർ ഏതെങ്കിലും ദുഷ്കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഓർമിക്കണം.
പട്ടിക്കും പശുവിനും പൂച്ചയ്ക്കുംപോലും നിർബാധം സഞ്ചരിക്കാവുന്ന ഒരു റോഡിൽകൂടി നടക്കാൻ ശ്രമിച്ചതായിരുന്നു ഇവരുടെ പേരിലുള്ള ഏറ്റവും വലിയ അപരാധം. പൊതുജനങ്ങളുടെ പണം കൊണ്ട് നടത്തപ്പെടുന്ന പബ്ലിക് റോഡുകളിൽ കൂടി നടക്കാനുള്ള പൗരാവകാശത്തെ ഉപയോഗിച്ചതാണത്രെ.... മഹാപരാധം. പരിഷ്കൃതമായ ഒരു ഗവണ്മെന്റിനും ഇങ്ങനെയൊരു അപനയം പ്രവർത്തിക്കാൻ ഇക്കാലത്ത് ധൈര്യമുണ്ടാകുന്നതല്ലെന്നും ഈ പ്രവൃത്തിമൂലം തിരുവിതാംകൂർ രാജ്യത്തിന് സംഭവിച്ചിരിക്കുന്ന ദുർയശഃസ് എളുപ്പത്തിൽ തീരുന്നതല്ലെന്നും മാത്രമേ ഞങ്ങൾ പറയുന്നുള്ളു....”
“ഈ സന്ദർഭത്തിൽ ഗവണ്മെന്റിൽ നിന്നു ചെയ്യേണ്ടത്, ക്രിസ്ത്യാനികൾക്കും മഹമ്മദീയർക്കും ഗതാഗതസ്വാതന്ത്ര്യമുള്ള വൈക്കം ക്ഷേത്രറോഡിൽ കൂടി ഈഴവർ മുതലായ അവർണ ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയും ബന്ധനസ്ഥരാക്കിയവരെയെല്ലാം വിട്ടയയ്ക്കുകയുമാണ്. ഒരു പരിഷ്കൃതഗവണ്മെന്റിന് അനുയോജ്യമായ മഹാമനസ്കതയോടും നീതി ബോധത്തോടും കൂടി തിരുവിതാംകൂർ ഗവണ്മെന്റ് കഴിയുന്നതും എളുപ്പത്തിൽ ഇങ്ങനെ പ്രവർത്തിച്ചു കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു...”
1925 മാർച്ച് ഒൻപതിന് മഹാത്മാഗാന്ധി വൈക്കത്തെത്തി. ആ വർഷം മധ്യത്തോടെ സർക്കാർ ഭാഗത്തുനിന്ന് ആശാസ്യമായ നീക്കങ്ങൾ ആരംഭിച്ചു. അതിനെ സ്വാഗതം ചെയ്ത് 1925 ജൂലൈ നാലിന് ദീപിക എഴുതി. “വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ട് മാത്രമായില്ലെന്നും ഈ പ്രവേശന സ്വാതന്ത്ര്യം തിരുവിതാംകൂറിലെ എല്ലാ പബ്ലിക് സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സിദ്ധിക്കത്തവിധത്തിൽ തിരുമനസുകൊണ്ട് കൽപന പുറപ്പെടുവിക്കണമെന്നുമാണ് ഈ രാജ്യത്തെ പൗരസമത്വവാദികളുടെ ആഗ്രഹവും അപേക്ഷയും.
അങ്ങനെതന്നെയൊരു കൽപന പ്രാദുർഭവിച്ച് കാണ്മാനുള്ള ശുഭാവസരത്തെ ഞങ്ങൾ സാദരം പ്രതീക്ഷിച്ചിരിക്കുന്നു.” 1925 നവംബർ 23ന് കെ. കേളപ്പനായിരുന്നു വൈക്കത്ത് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. പിൽക്കാലത്തെ വിവിധ ക്ഷേത്രപ്രവേശന സമരങ്ങളിലും ദീപിക അവർണസമുദായങ്ങൾക്കൊപ്പം നിലകൊണ്ടു.